കുനിശ്ശേരിയിൽ കൂർക്കകൃഷി; വിളവെടുപ്പ് തുടങ്ങി
text_fieldsകുനിശ്ശേരി: മാടമ്പാറ ഭാഗത്ത് കൂർക്കകൃഷി വിളവെടുപ്പ് തുടങ്ങി. നെൽകൃഷി ആദായകരമല്ലാത്ത സാഹചര്യത്തിൽ ചിലർ കൃഷിഭൂമി കൂർക്ക കൃഷിക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്. അഞ്ച് ഏക്കറോളം കൃഷിയിടത്തിലാണ് വിളവെടുപ്പ് തുടങ്ങിയത്. കാലാവസ്ഥ അനുകൂലമായാൽ കൂർക്ക കൃഷി മെച്ചപ്പെടും.
സീസൺ തുടങ്ങുന്നതിന് മുമ്പ് വിളവെടുപ്പ് നടത്താൻ കഴിയുന്നവർക്ക് കൃഷി ആദായമായിരിക്കും. ഇപ്പോൾ വിളവെടുക്കുന്ന കൂർക്ക മൊത്തമായി കൊടുക്കുമ്പോൾ കിലോക്ക് 40 രൂപ ലഭിക്കുന്നുണ്ട്. ചില്ലറ വിൽപനയിൽ 60 രൂപയുണ്ട്. ഒരേക്കറിന് 30,000 രൂപയാണ് ഇവിടെ ഒരുവർഷത്തേക്ക് പാട്ടം. രണ്ടാംവിള നെൽകൃഷിക്ക് ഉപയോഗിക്കാനാവും വിധമാണ് കൂർക്ക കൃഷി ചെയ്യുന്നത്.

