ഫെബ്രുവരിയില്‍ വളര്‍ച്ചനിരക്കില്‍ മുന്നില്‍ ബി.എസ്.എന്‍.എല്‍
text_fieldsന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ രാജ്യത്തെ ടെലികോം കമ്പനികളില്‍ വളര്‍ച്ചനിരക്കില്‍ മുന്നില്‍ പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍. ബി.എസ്.എന്‍.എല്ലിന് 1.67 ശതമാനം വളര്‍ച്ചനിരക്ക് കൈവരിക്കാനായപ്പോള്‍ ഭാരതി എയര്‍ടെല്ലിന് 1.18 ശതമാനവും വോഡഫോണിന് 1.04 ശതമാനവും ഐഡിയ സെല്ലുലാറിന് 0.85 ശതമാനവും വളര്‍ച്ചയേ കൈവരിക്കാനായുള്ളൂ. അതേസമയം, പുതിയ ഉപഭോക്താക്കളുടെ എണ്ണത്തില്‍ സ്വകാര്യ കമ്പനികള്‍ തന്നെയായിരുന്നു മുന്നില്‍. ബി.എസ്.എന്‍.എല്ലിന് 13.93 ലക്ഷം പുതിയ ഉപഭോക്താക്കളെ കിട്ടയപ്പോള്‍ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍ എന്നിവക്ക് ഇത് യഥാക്രമം 29 ലക്ഷം, 20.34 ലക്ഷം, 14.63 ലക്ഷം എന്നിങ്ങനെയായിരുന്നു. ഫെബ്രുവരിയിലെ കണക്കനുസരിച്ച് ബി.എസ്.എന്‍.എല്ലിന് മൊത്തം 8.48 കോടി ഉപഭോക്താക്കളുള്ളപ്പോള്‍ എയര്‍ടെല്ലിന് 24.86 കോടിയും വോഡഫോണിന് 19.67 കോടിയും ഐഡിയക്ക് 17.46 കോടിയുമാണ് ഉപഭോക്താക്കള്‍. റിലയന്‍സ് കമ്യൂണിക്കേഷന്‍ 6.99 ലക്ഷം ഉപഭോക്താക്കളെക്കൂടി സ്വന്തമാക്കി മൊത്തം ഇടപാടുകാരുടെ എണ്ണം 10.19 കോടിയാക്കി. വിട്ടുപോകുന്നവരേക്കാള്‍ പുതിയ ഉപഭോക്താക്കളെ കിട്ടുന്നുണ്ടെന്നും ഉപഭോക്താക്കള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന് നന്ദിയുണ്ടെന്നും ബി.എസ്.എന്‍.എല്‍ ഡയറക്ടര്‍ ആര്‍.കെ. മിത്തല്‍ പറഞ്ഞു.
