Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്തേക്കുള്ള പഴം, പച്ചക്കറി ഇറക്കുമതിയിൽ വൻ വർധന: അമേരിക്ക മുന്നിൽ, ചൈനയുടെ വിഹിതം കുറഞ്ഞു

text_fields
bookmark_border
പാകിസ്താനുമായുള്ള വ്യാപാരം പൂർണമായും നിലച്ചു
രാജ്യത്തേക്കുള്ള പഴം, പച്ചക്കറി ഇറക്കുമതിയിൽ വൻ വർധന: അമേരിക്ക മുന്നിൽ, ചൈനയുടെ വിഹിതം കുറഞ്ഞു
cancel

ന്യൂഡൽഹി: കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യയുടെ പഴം, പച്ചക്കറി ഇറക്കുമതിച്ചെലവിൽ 114 ശതമാനത്തിന്റെ വൻ വർധനയെന്ന് ഔദ്യോഗിക കണക്കുകൾ. രാജ്യത്തെ ആഭ്യന്തര വിപണിയിൽ ഇറക്കുമതി ചെയ്ത പഴങ്ങൾക്കും പച്ചക്കറികൾക്കും പ്രിയം കൂടിയതോടെയാണ് ഇറക്കുമതിയിൽ വലിയ മുന്നേറ്റമുണ്ടായത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് കമേഴ്സ്യൽ ഇന്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് (ഡി.ജി.സി.ഐ.എൻ.എസ്) പുറത്തുവിട്ട കണക്കുകളാണ് പുറത്തുവന്നത്.

ലോക്സഭയിൽ കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ നൽകിയ മറുപടിയിലാണ് കാർഷിക വ്യാപാരത്തിന്റെ ഈ പുതിയ കണക്കുകൾ. ആഭ്യന്തര ഉൽപ്പാദന ശേഷി ശക്തമായി തുടരുമ്പോഴും ആഗോള വിപണിയുമായുള്ള രാജ്യത്തിന്റെ സംയോജനമാണ് ഈ വളർച്ചയ്ക്ക് കാര്യമെന്ന് മന്ത്രി വ്യക്തമാക്കി.

2016-17 ലെ 1.78 ബില്യൺ ഡോളറിൽനിന്ന് ഇറക്കുമതി ചെലവ് 2025-26ൽ 3.82 ബില്യൺ ഡോളറായി ഉയർന്നു. ഇറക്കുമതിയുടെ അളവിലും വലിയ വർധനവാണ് രേഖപ്പെടുത്തിയത്. 11.22 ലക്ഷം ടണ്ണിൽ നിന്ന് 20.66 ലക്ഷം ടണ്ണായി വർധിക്കുകയാണുണ്ടായത്. കയറ്റുമതിയുടെ കാര്യത്തിലാണെങ്കിൽ ഇപ്പോഴും പഴം-പച്ചക്കറികളുടെ അറ്റ കയറ്റുമതി രാജ്യമായി ഇന്ത്യ തുടരുന്നു. മൂല്യം 2.45 ബില്യൺ ഡോളറിൽ നിന്ന് 3.93 ബില്യൺ ഡോളറായി ഉയർന്നിട്ടുണെന്നുമാത്രം.

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പഴങ്ങളും പച്ചക്കറികളും കയറ്റി അയക്കുന്ന രാജ്യം അമേരിക്കയാണ്. യു.എസിൽ നിന്നുള്ള ഇറക്കുമതി മൂല്യം 0.67 ബില്യൺ ഡോളറിൽ നിന്ന് 1.45 ബില്യൺ ഡോളറായി ഇരട്ടിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായി 3 ലക്ഷം ടണ്ണിലധികം ഉൽപന്നങ്ങളാണ് അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തുന്നത്.

ചൈനയുടെ കയറ്റുമതിയിൽ പകുതിയോളം ഇടിവുണ്ടായി. മൂല്യത്തിലും അളവിലും 50 ശതമാനത്തിലധികം കുറവാണ് ചൈനയ്ക്ക് നേരിടേണ്ടി വന്നത്. 2.13 ലക്ഷം ടണ്ണിൽ നിന്ന് ചൈനീസ് കയറ്റുമതി 1.03 ലക്ഷം ടണ്ണായും ചുരുങ്ങി. എങ്കിലും ചൈന ഇപ്പോഴും ഇന്ത്യയുടെ പ്രധാന വിതരണക്കാരുടെ നിരപ്പിൽ തുടരുന്നുണ്ട്.

പാകിസ്ഥാനിൽനിന്നുള്ള ഇറക്കുമതി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലെ വിള്ളലുകളെ തുടർന്ന് പൂർണമായും നിലച്ചു. 2016-17ൽ 1.28 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ നൽകിയിരുന്ന പാകിസ്താൻ ഇപ്പോൾ പട്ടികയിൽ പോലുമില്ല. പുൽവാമാ ആക്രമണത്തിനുശേഷമുള്ള വ്യാപാര നിയന്ത്രണങ്ങളാണ് ഇതിന് കാരണം.

അഫ്ഗാനിസ്ഥാൻ, യു.എ.ഇ, ഇറാൻ, ചിലി, ഇന്തോനേഷ്യ, ബംഗ്ലാദേശ്, ഓസ്ട്രേലിയ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും നിലവിൽ ഇന്ത്യയിലേക്ക് വൻതോതിൽ പഴങ്ങളും പച്ചക്കറികളും കയറ്റി അയക്കുന്ന പ്രധാന രാജ്യങ്ങളിൽ ഉൾപ്പെടുന്നു. ആഭ്യന്തര വിപണിയിൽ ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം കയറ്റുമതിയിലും രാജ്യം മുൻപന്തിയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sharp Rise in India's Fruit and Vegetable Imports: US Leads, China's Share Drops
Next Story