വടിവാളുമായി യുവാക്കളുടെ കറക്കം: കാർ കസ്റ്റഡിയിലെടുത്തു
text_fieldsതാമരശ്ശേരി: മദ്യലഹരിയിൽ വടിവാളുമായി കറങ്ങിയ സംഭവത്തിൽ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരിക്കടുത്ത് താഴെ പരപ്പൻപൊയിലിൽ വടിവാളുമായി യുവാക്കളെ ദുരൂഹ സാഹചര്യത്തില്‍ കണ്ടതിനെ തുടർന്ന് നാട്ടുകാർ വിളിച്ച് അറിയിച്ചിട്ടും നടപടി സ്വീകരിക്കാതെ പൊലീസ് വിട്ടയച്ച കാറാണ് മാധ്യമ വാർത്തകളെ തുടർന്ന് കസ്റ്റഡിയിലെടുത്തത്. വാഹനവും വാഹനത്തിൽ മദ്യലഹരിയിൽ ഉണ്ടായിരുന്നവരേയും വിട്ടയച്ച നടപടി ഏറെ വിവാദമായിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വാഹനം പരിശോധിക്കുകപോലും ചെയ്യാതെ വിട്ടയച്ചെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ബുധനാഴ്ച രാത്രി 11 മുതൽ 1.10 വരെയാണ് ദേശീയപാതയിൽ താഴെ പരപ്പൻ പൊയിലിൽ വാഹനം നിർത്തിയിട്ടിരുന്നത്.

