യുവാവിനെ ആക്രമിച്ച സംഘത്തിലെ പ്രതികൾ പിടിയിൽ
text_fieldsറോബിൻസൺ, ശരത്
ഇരവിപുരം: യുവാവിനെ മാരകമായി ആക്രമിച്ച സംഘത്തിലെ രണ്ട് പ്രതികൾ പിടിയിലായി. മയ്യനാട് കാക്കോട്ടുമൂല ഡെയ്സൺ ഡെയിനിൽ റോബിൻസൺ (26), കാക്കോട്ടുമൂല കോയിക്കൽത്തൊടി ശരത് (27) എന്നിവരാണ് പിടിയിലായത്.
വീടിന് സമീപത്തുനിന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ മയ്യനാട് സ്വദേശിയായ റോമൽ ആന്റണിയെ ആക്രമിച്ചതായാണ് കേസ്.
കഴിഞ്ഞ മാസം 12ന് രാത്രിയിൽ കാക്കോട്ടുപള്ളിയിലെ പരിപാടി കഴിഞ്ഞ് വാഹനം എടുക്കാൻ മടങ്ങിവരികയായിരുന്ന റോമൽ ആന്റണിയെ പ്രതികൾ മുൻവിരോധത്തിൽ വഴിയിൽ തടഞ്ഞുനിർത്തി സംഘം ചേർന്ന് മർദിക്കുകയും ആയുധം ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. റോമൽ ആന്റണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞുവന്ന രണ്ട് പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു.

