അവധിക്ക് നാട്ടിലെത്തിയ യുവാവിനെ ഏഴംഗ സംഘം വാഹനം തടഞ്ഞുനിർത്തി മർദിച്ചു
text_fieldsപന്തളം: അവധിക്ക് നാട്ടിലെത്തിയ പ്രവാസി ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ പിന്തുടർന്നെത്തിയ ഏഴംഗ സംഘം വാഹനം തടഞ്ഞുനിർത്തി മർദിച്ചു. പന്തളം കുളനട പനങ്ങാട് കൈപ്പുഴ കിഴക്ക് ശിവാജിസദനത്തിൽ അരുൺരാജിനാണ് (42) ക്രൂരമർദനമേറ്റത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങി വീട്ടിലേക്കുവരുന്നവഴി കുളനട പഞ്ചായത്ത് ഓഫിസിനു സമീപം ബൈക്കിൽ പിന്തുടർന്നെത്തിയവർ കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നു. വിദേശത്ത് ജോലിചെയ്യുന്ന അരുൺരാജ് നാട്ടിൽ ലീവിന് വന്നിട്ട് കുറച്ചുദിവസമേ ആയുള്ളൂ. തലക്കും മുഖത്തും കണ്ണിനും നെഞ്ചിനും പരിക്കേറ്റു. വിവരം അറിഞ്ഞ് പന്തളം പൊലീസും സ്ഥലത്തെത്തിയിരുന്നു. വിവരം അറിഞ്ഞെത്തിയ അനുജൻ അഭിലാഷ് രാജും സുഹൃത്തും ചേർന്നാണ് അരുൺ രാജിനെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചത്. പന്തളം പൊലീസ് കേസെടുത്തു.

