പരാതി നൽകിയ വിരോധത്തിൽ മർദനം; മൂന്നുപേർ പിടിയിൽ
text_fieldsഅറസ്റ്റിലായ ശരത്ത്, ജിജിത്ത്, വിഷ്ണു
അഞ്ചാലുംമൂട്: പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ അക്രമം നടത്തിയവർ അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായി. പനയം ചോനംചിറ കുന്നിൽ പടിഞ്ഞാറ്റതിൽ ശരത്ത് (24 -ജിത്തു), ജിജിത്ത് (21 -കണ്ണൻ), കണ്ടച്ചിറ വേളിക്കാട് മേലതിൽ വീട്ടിൽ എസ്. വിഷ്ണു (24) എന്നിവരാണ് പിടിയിലായത്.
സമീപവാസിയായ സുദേവൻ പ്രതികളായ ശരത്തിനും ജിജിത്തിനും എതിരെ പൊലീസിൽ പരാതി കൊടുത്തിയിരുന്നു. ഈ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. 21ന് രാത്രി ഒമ്പതോടെ പനയം പൂവംഗൽ ജങ്ഷന് സമീപത്തുകൂടി നടന്നുപോകുകയായിരുന്ന സുദേവനെ ബൈക്കുകളിലെത്തിയ സംഘം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. ഇരുമ്പു പൈപ്പും മറ്റും ഉപയോഗിച്ച് സംഘം ചേർന്ന് ക്രൂരമായി മർദിച്ച് അവശനാക്കി. മർദനത്തിൽ ഇയാളുടെ കാലിന് സാരമായി പരിക്കേറ്റിരുന്നു. അഞ്ചാലുംമൂട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഇവരെ പിടികൂടുകയായിരുന്നു. അഞ്ചാലുംമൂട് ഇൻസ്പെക്ടർ ധർമജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയശങ്കർ, പ്രദീപ്, എസ്.സി.പി.ഒ സുനിൽ ലാസർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

