യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം: നാലുപേർ അറസ്റ്റിൽ
text_fieldsആരോമൽ, അർജുൻ,അനന്തു,അഭിജിത്
വൈക്കം: ഓട്ടോറിക്ഷയിൽ വരുകയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേരെ അറസ്റ്റ് ചെയ്തു. വെച്ചൂർ വേരുവള്ളി പാലക്കാട്ട് വീട്ടിൽ ആരോമൽ (23), വെച്ചൂർ വേരുവള്ളി കുറച്ചേരിൽ വീട്ടിൽ അർജുൻ (23), വേരുവള്ളി പുത്തൻതറയിൽ വീട്ടിൽ അനന്തു (23), വേരുവള്ളി പുത്തൻതറയിൽ വീട്ടിൽ അഭിജിത് (23) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 29ന് രാത്രി വേരുവള്ളി അംബേദ്കർ കോളനിയുടെ സമീപം ഓട്ടോറിക്ഷയിൽ വരുകയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി ഇവർ സംഘംചേർന്ന് മർദിക്കുകയും കല്ലുകൊണ്ട് തലക്കടിക്കുകയുമായിരുന്നു. പ്രതികളിൽ ഒരാളായ അർജുന്റെ ബൈക്കും ഓട്ടോ ഡ്രൈവറായ യുവാവിന്റെ ബന്ധുവിന്റെ ബൈക്കും തമ്മിൽ ഇടിച്ചതിനെ ചൊല്ലി ഇവർക്കിടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഓട്ടോറിക്ഷ ഡ്രൈവറെയും കൂടെയുണ്ടായിരുന്ന യുവാക്കളെയും തടഞ്ഞുനിർത്തി ആക്രമിച്ചത്. തുടർന്ന് ഇവർ ഓട്ടോറിക്ഷ തല്ലിത്തകർക്കുകയും ചെയ്തു. ഇതിനുശേഷം ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസെടുക്കുകയും തിരച്ചിലിനൊടുവിൽ നാലുപേരെയും ബംഗളൂരുവിൽനിന്ന് പിടികൂടുകയുമായിരുന്നു. വൈക്കം എസ്.എച്ച്.ഒ രാജേന്ദ്രൻ, എസ്.ഐ വിജയപ്രസാദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

