ഉത്സവാഘോഷത്തിനിടെ സോഡാകുപ്പികൊണ്ട് മർദനം; പ്രതികൾ പിടിയിൽ
text_fieldsഅനന്തു, അമൽരാജ്
കരുനാഗപ്പള്ളി: ഉത്സവാഘോഷത്തിനിടെ, സോഡാ കുപ്പികൊണ്ട് ആക്രമിച്ച പ്രതികൾ പൊലീസ് പിടിയിലായി. ക്ലാപ്പന വേളൂർതറ പി. അനന്തു (23), ക്ലാപ്പന തെക്ക് പുത്തൻ വീട്ടിൽ ആർ. അമൽരാജ് (21) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
വള്ളിക്കാവ് സ്വദേശി ചാക്കോ സക്കറിയയെയാണ് പ്രതികളടങ്ങിയ സംഘം ആക്രമിച്ചത്. ശക്തികുളങ്ങര ഉത്സവം കാണാനെത്തിയ ചാക്കോ സക്കറിയയെ അനന്തുവും അമൽരാജും ചേർന്ന് അസഭ്യം വിളിക്കുകയും സോഡാ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൂട്ടുപ്രതികൾ ചേർന്ന് ഇയാളെ മർദിക്കുകയും ചെയ്തു.
ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷാജിമോൻ, കലാധരൻപിള്ള, എ.എസ്.ഐ ഷിബു, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

