തോട്ട പൊട്ടി രണ്ടുപേർക്ക് പരിക്കേറ്റ സംഭവം: അന്വേഷണം ഊർജിതം
text_fieldsമൂവാറ്റുപുഴ: പോത്താനിക്കാട് സ്റ്റേഷൻ അതിർത്തിയിലെ ആയവനയില്‍ തോട്ട പൊട്ടി സി.ഐ.ടി.യു നേതാവിനടക്കം ഗുരുതര പരിക്കേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഞായറാഴ്ച വൈകീട്ട് മീൻ പിടിക്കുന്നതിനിടെയുണ്ടായ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്ത് വന്നതിനു പിന്നാലെയാണ് അന്വേഷണം ഊർജിതമാക്കിയത്.
സി.ഐ.ടി.യു മൂവാറ്റുപുഴ ഏരിയ സെക്രട്ടറി സി.കെ. സോമന്, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ആയവന മണ്ഡലം സെക്രട്ടറി ബേസില്‍ വര്‍ഗീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബേസില്‍ വര്‍ഗീസിന്റെ ഇരുകൈക്കും ഗുരുതര പരിക്കേറ്റു. ഒരുകൈ അറ്റ നിലയിലാണ്. സോമന്റെ കേള്‍വിക്ക് തകരാര്‍ സംഭവിച്ചതിനുപുറമെ ദേഹത്താകെ പൊള്ളലേറ്റിട്ടുണ്ട്. കാളിയാർ പുഴയിലെ ആയവന ഭാഗത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.
മീൻ പിടിക്കാൻ എത്തിയ ബേസിൽ സോമനുമായി സംസാരിക്കുന്നതിനിടെ കൈയിലിരുന്ന തോട്ട പൊട്ടിത്തെറിക്കുകയായിരുന്നത്രെ. ബേസിലിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

