കഞ്ചാവുകടത്ത് കേസിലെ പ്രധാനി പിടിയിൽ
text_fieldsസുര്‍ള പാണ്ടയ്യ
കോട്ടയം: അന്തർ സംസ്ഥാനത്തുനിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിൽ പ്രധാനിയായ ആളെ പൊലീസ് അറസ്റ്റ് ചെയ്തു.ആന്ധ്ര, വിശാഖപട്ടണം സ്വദേശി സുര്‍ള പാണ്ടയ്യയെ (40) ആണ് ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആന്ധ്രപ്രദേശിൽനിന്ന് പിടികൂടിയത്.കഴിഞ്ഞമാസം ഒമ്പതിന് തലയോലപ്പറമ്പിൽ നടന്ന വൻ കഞ്ചാവ് വേട്ടയിൽ 92 കിലോഗ്രാം കഞ്ചാവുമായി കെൻസ് സാബു, രഞ്ജിത് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്ന് കഞ്ചാവ് സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിച്ചുകൊടുക്കുന്നത് സുര്‍ള പാണ്ടയ്യ ആണെന്ന് മനസ്സിലായി.
തുടർന്ന് ജില്ല പൊലീസ് മേധാവി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം അന്തർ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.വൈക്കം എ.എസ്.പി നകുല്‍ രാജേന്ദ്ര ദേശ്മുഖ്, തലയോലപ്പറമ്പ് എസ്.ഐ ദീപു ടി.ആർ, സി.പി.ഒമാരായ ഗിരീഷ്, മുഹമ്മദ് ഷബീൻ, അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.ഈ കേസിൽ പ്രതികളെ സാമ്പത്തികമായി സഹായിച്ച കെൻസ് സാബുവിന്റെ ഭാര്യ അനു ഷെറിൻ ജോൺ, സോബിൻ കെ.ജോസ്, മിഥുൻ സി.ബാബു എന്നിവരെയും പൊലീസ് സംഘം നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

