വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
text_fieldsവൈശാഖ്
നേമം: വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി മലയിൻകീഴ് പൊലീസിന്റെ പിടിയിലായി. വിളവൂർക്കൽ കുണ്ടമൺഭാഗം കുരിശുമുട്ടം സ്വദേശി വൈശാഖ് (20) ആണ് പിടിയിലായത്. ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സമീപവാസിയായ പത്മനാഭൻ നായർക്കാണ് (80) ആക്രമണത്തിൽ പരിക്കേറ്റത്.
ഇദ്ദേഹത്തിന്റെ വീടിനുസമീപം ഇരുന്ന് വൈശാഖ് മദ്യപിക്കുന്നത് ചോദ്യം ചെയ്തതും വീട്ടിൽ അറിയിക്കുമെന്ന് പറഞ്ഞതിലുള്ള വൈരാഗ്യം നിമിത്തവുമാണ് ആക്രമിച്ചത്. മുഖത്തും ചെവിയിലും വെട്ടേറ്റ പത്മനാഭൻ നായരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലയിൻകീഴ് സി.ഐ എ.വി. സൈജു, എസ്.ഐ ആർ. രാജേഷ് എന്നിവർ ഉൾപ്പെട്ട സംഘം കുണ്ടമൺഭാഗത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. താൻ ആസിഡ് കഴിച്ചിട്ടുണ്ടെന്ന് പ്രതി പറഞ്ഞതിനെതുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് മലയിൻകീഴ് പൊലീസ് അറിയിച്ചു.

