ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: കണ്ണൂർ സ്വദേശി ഗോവയിൽ പിടിയിൽ
text_fieldsപനാജി: ‘ഡിജിറ്റൽ അറസ്റ്റ്‘ തട്ടിപ്പിലൂടെ ദക്ഷിണ ഗോവ സ്വദേശിയുടെ 1.05 കോടി രൂപ തട്ടിയ കേസിൽ കണ്ണൂർ സ്വദേശി എം.കെ. ഗോകുൽ പ്രകാശ് അറസ്റ്റിൽ. പൊലീസാണെന്ന് കബളിപ്പിച്ചാണ് ക്യൂപെം സ്വദേശിയെ ഗോകുൽ പ്രകാശ് തട്ടിപ്പിനിരയാക്കിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയാണെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ‘ഡിജിറ്റൽ അറസ്റ്റും’ പണം തട്ടിപ്പും.
വ്യാജ അറസ്റ്റ് വാറന്റ് കാണിച്ച ശേഷം ഒന്നിലധികം ബാങ്ക് ഇടപാടുകൾ വഴി 1.05 കോടി രൂപ കൈമാറാൻ നിർബന്ധിക്കുകയായിരുന്നു. പ്രതിക്ക് 24 ലക്ഷം രൂപ ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ട് വഴി ലഭിച്ചതായി സൈബർ ക്രൈം എസ്.പി രാഹുൽ ഗുപ്ത പറഞ്ഞു. പത്ത് സംസ്ഥാനങ്ങളിലായി 13 ക്രിമിനൽ കേസുകളിൽ 9.02 കോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. എസ്.ഐ മനീഷ് ദബാലെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

