ഡോ. വന്ദന ദാസ് വധം; സി.ബി.ഐ അന്വേഷണ ഹരജി ഇന്ന് പരിഗണിക്കും
text_fieldsകൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹരജി ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ തയാറാണെന്ന് സർക്കാർ അറിയിച്ചിരുന്നു.
ഇതിൽ നിലപാട് അറിയിക്കാൻ ഹരജിക്കാരോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ ഘട്ടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും പ്രോസിക്യൂട്ടർ ആരായിരിക്കണമെന്ന കാര്യത്തിൽ പേര് നിർദേശിക്കാൻ ഹരജിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ നേരത്തേ കോടതിയിൽ അറിയിക്കുകയും ചെയ്തു. ജസ്റ്റിസ് ബെച്ചു കുര്യനാണ് ഹരജി പരിഗണിക്കുന്നത്.
കഴിഞ്ഞവർഷം മേയ് 10ന് രാത്രി പൊലീസ് മെഡിക്കൽ പരിശോധനക്ക് ആശുപത്രിയിൽ കൊണ്ടുവന്ന സന്ദീപിന്റെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും ഇത് മറച്ചുെവച്ചാണ് അന്വേഷണം നടത്തുന്നതെന്നും ആരോപിച്ചാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹരജി നൽകിയത്.

