മയക്കുമരുന്ന് കേസ്: പ്രതി റിമാൻഡിൽ
text_fieldsമലപ്പുറം: മൂന്ന് കോടിയിലധികം രൂപ വിലവരുന്ന 311 ഗ്രാം എം.ഡി.എം.എ (മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍) മയക്കുമരുന്നുമായി പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു.
ബുധനാഴ്ച ഉച്ചക്ക് 2.30ഓടെയാണ് പ്രതി മൊറയൂർ സ്വദേശി മുഹമ്മദ് ഹാരിസിനെ മലപ്പുറം കോടതിയില്‍ ഹാജരാക്കിയത്. മൊറയൂര്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായിരുന്നു മുഹമ്മദ് ഹാരിസ്.
ബംഗളൂരുവില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഗ്രാമിന് 5,000 മുതല്‍ 10,000 വരെ രൂപ വിലയിട്ടാണ് വിറ്റിരുന്നത്. പ്രതിയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതല്‍ പേരിലേക്ക് പൊലീസ് അന്വേഷണം നീളും.

