മദ്യലഹരിയിലായിരുന്ന യുവാക്കളുടെ കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്
text_fieldsഅഷ്റഫ് അലി, മുജീബ് റഹ്മാൻ
കൽപകഞ്ചേരി: മദ്യലഹരിയിലായിരുന്ന യുവാക്കൾ സഞ്ചരിച്ച കാർ ഓട്ടോറിക്ഷയിലും സ്കൂട്ടറിലുമിടിച്ച് മൂന്നുപേർക്ക് പരിക്ക്. ദേശീയപാത പുത്തനത്താണി അതിരുമടയിൽ ശനിയാഴ്ച ഉച്ചക്ക് 2.30നാണ് അപകടം. കാറിലുണ്ടായിരുന്ന കുറ്റിപ്പുറം പേരശന്നൂർ സ്വദേശി കട്ടച്ചിറ അഷ്റഫ് അലി, പുത്തനത്താണി പള്ളിപ്പാറ സ്വദേശി മുജീബ് റഹ്മാൻ എന്നിവരെ കൽപകഞ്ചേരി സബ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് അറസ്റ്റ് ചെയ്തു.
അപകടം വരുത്തിയ കാർ നിർത്താതെ പോവുകയും നാട്ടുകാർ പിന്തുടർന്ന് പുത്തനത്താണിയിൽവെച്ച് തടയുകയുമായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസുകാരോട് പ്രതികൾ തട്ടിക്കയറുകയും ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ബലമായാണ് പ്രതികളെ പൊലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചത്. പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറേയും യാത്രികനേയും ബൈക്ക് യാത്രികനേയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

