‘ബഡ്സ്’ നിയമലംഘനം: 13 സ്ഥാപനങ്ങളുടെ തൃശൂരിലെ സ്വത്ത് കണ്ടുകെട്ടും
text_fieldsതൃശൂർ: ബഡ്സ് (ബാനിങ് ഓഫ് അൺ റെഗുലേറ്റഡ് ഡെപോസിറ്റ് സ്കീംസ്) നിയമത്തിന് വിരുദ്ധമായി അമിത പലിശ വാഗ്ദാനം ചെയ്ത് പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരിച്ചുനല്‍കാതെ വഞ്ചിക്കുകയും ചെയ്ത 13 സ്ഥാപനങ്ങളുടെയും ഉടമകളുടെയും പേരിലുള്ള തൃശൂർ ജില്ലയിലെ സ്ഥാവര -ജംഗമ വസ്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യാനും ജപ്തി സ്ഥിരമാക്കാൻ നിയുക്ത കോടതി മുമ്പാകെ ഹരജി ഫയല്‍ ചെയ്യാനും ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടർ വി.ആർ. കൃഷ്ണ തേജ ഉത്തരവിട്ടു.
മാസ്റ്റേഴ്സ് ഗ്രൂപ്, മാസ്റ്റേഴ്സ് ഫിന്‍സെര്‍വ്, മാസ്റ്റേഴ്സ് ഫിന്‍കെയര്‍, മാസ്റ്റേഴ്സ് ഫിന്‍കോര്‍പ്, തിരുവനന്തപുരം ജില്ലയിലെ പവര്നിക്സ് മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മല്‍ കൃഷ്ണ നിധി ലിമിറ്റഡ്, നിര്‍മല്‍ കൃഷ്ണ ബെനിഫിറ്റ് ഫണ്ട് ലിമിറ്റഡ്, കൃഷ്ണ ഫിനാന്‍സ്, ദുബൈ ട്രേഡിങ് സൊലൂഷന്‍സ്, കണ്ണൂരിലെ നെക്സ്റ്റ് ഗ്ലോബല്‍ വില്ലേജ് സൊസൈറ്റി, കണ്ണൂര്‍ അര്‍ബന്‍ നിധി ലിമിറ്റഡ് ആൻഡ് എനിടൈം മണി പ്രൈവറ്റ് ലിമിറ്റഡ്, മലപ്പുറം കൊണ്ടോട്ടിയിലെ അക്സാ ഐ കെയര്‍ ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, പാലക്കാട്ടെ ഗ്ലോബല്‍ സൊലൂഷന്‍സ് എന്നീ സ്ഥാപനങ്ങളുടെയും ഉടമകളുടെയും സ്വത്താണ് ജപ്തി ചെയ്യുന്നത്.
തൃശൂർ ജില്ലയിൽ ഇവർക്കുള്ള എല്ലാ സ്ഥാവര -ജംഗമ വസ്തുക്കളും തിട്ടപ്പെടുത്തി കണ്ടുകെട്ടാൻ സ്ഥാവര സ്വത്തുക്കളുടെ മഹസര്‍, ലൊക്കേഷന്‍ സ്കെച്ച്, തണ്ടപ്പേര് പകര്‍പ്പ് എന്നിവയുള്‍പ്പെടെ റിപ്പോര്‍ട്ട് തഹസില്‍ദാര്‍മാര്‍ തയാറാക്കും. ജില്ല രജിസ്ട്രാര്‍ സ്ഥാവര സ്വത്തുകളുടെ വിൽപന നടപടികള്‍ താല്‍ക്കാലികമായി മരവിപ്പിക്കാൻ സബ് രജിസ്ട്രാര്‍ ഓഫിസര്‍മാര്‍ക്ക് അടിയന്തര നിർദേശം നല്‍കും.
ഉടമകളുടെയും സ്ഥാപനങ്ങളുടെയും പേരിൽ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മോട്ടോര്‍ വാഹനങ്ങളുടെയും പട്ടിക തൃശൂര്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ തയാറാക്കി കലക്ടറേറ്റിലേക്കും ജില്ല പൊലീസ് മേധാവിക്കും കൈമാറും. ഇവരുടെ പേരില്‍ ജില്ലയിലെ ബാങ്കുകള്‍, ട്രഷറികള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലുള്ള സ്ഥിര നിക്ഷേപം അടക്കം എല്ലാ അക്കൗണ്ടും മരവിപ്പിക്കാൻ ബാങ്ക് മാനേജര്‍മാര്‍ക്ക് ലീഡ് ബാങ്ക് മാനേജർ അറിയിപ്പ് നൽകും.
ഉത്തരവ് ഫലപ്രദമായി നടപ്പാക്കാൻ തൃശൂര്‍ സിറ്റി, റൂറല്‍ ജില്ല പൊലീസ് മേധാവികളെയും തൃശൂര്‍, ഇരിങ്ങാലക്കുട ആർ.ഡി.ഒമാരെയും ചുമതലപ്പെടുത്തി. ജപ്തി സ്ഥിരപ്പെടുത്താൻ നിയുക്ത കോടതി മുമ്പാകെ സമയബന്ധിതമായി ഹരജി ഫയല്‍ ചെയ്യേണ്ടതിനാല്‍ കണ്ടുകെട്ടല്‍ നടപടി സംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അടിയന്തരമായി കലക്ടറേറ്റിൽ ലഭ്യമാക്കണമെന്നും കലക്ടര്‍ അറിയിച്ചു.

