സുഹൃത്തിനെ കവർച്ച ചെയ്യാൻ ക്വട്ടേഷൻ; നാലുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കി സുഹൃത്തിനെ കവർച്ച ചെയ്ത സംഭവത്തിൽ നാല് യുവാക്കളെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ കോളജിൽ ബിരുദ വിദ്യാർഥികളായ പവൻ, പ്രേം ഷെട്ടി, തരുൺ, അച്ചൽ എന്നിവരാണ് അറസ്റ്റിലായത്.
‘ജോളി റൈഡ്’ എന്ന വ്യാജേന സുഹൃത്ത് ചന്ദനെ കൊണ്ടുപോയി സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിലാണ് പ്രതികളെ ചിക്കജാല പൊലീസ് പിടികൂടിയത്. മേയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം.
ചന്ദനെ ഒരു പാർട്ടിക്ക് ക്ഷണിച്ച പ്രതികൾ പബ്ബിൽനിന്ന് പുറത്തിറങ്ങിയശേഷം കാറിൽ യാത്ര കൊണ്ടുപോയി. ഇവർ കാറിൽ സഞ്ചരിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് പ്രതികൾ കാർ തടഞ്ഞുനിർത്തി മൂന്ന് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവരുകയായിരുന്നു.
കവർച്ച നടത്തിയ പ്രതികളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൂട്ടുകാരാണ്, കവർച്ച ആസൂത്രണം ചെയ്തതെന്ന് മനസ്സിലായത്. തുടർന്ന് നാലു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

