വീടും കടയും ആക്രമിച്ച കേസിൽ നാലുപേർ പിടിയിൽ
text_fieldsമട്ടാഞ്ചേരി: തോപ്പുംപടിയിലെ സിത്താര സിൽക്സ് ഉടമ സാജർ സിത്താരയുടെ വീടുകയറി അക്രമിക്കുകയും വസ്ത്രശാലയിൽ അക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ നാലുപേരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ സനോജ്, ഷമീർ, ഷഹീർ, സിയാദ് എന്നിവരെയാണ് തോപ്പുംപടി എസ്.ഐ സെബാസ്റ്റ്യൻ പി.ചാക്കോയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഒരു വിവാഹവുമായി ബന്ധപ്പെട്ട് സാജറിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പ്രതികൾ ശല്യം ചെയ്തിരുന്നു. സംഭവം പറഞ്ഞ് പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഞായറാഴ്ച വീട്ടുകാർ വിവാഹാവശ്യവുമായി ബന്ധപ്പെട്ട് പുറത്തുപോയ സമയത്ത് പ്രതികൾ വീട്ടിലെത്തുകയും അക്രമം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ സുരക്ഷ ജീവനക്കാരനെ മർദിക്കുകയും ചെയ്തു. പ്രതികളിലൊരാൾ സിത്താര സിൽക്സിന്റെ ആർച്ച് (കവാടം) നശിപ്പിക്കുകയും ചെയ്തു.

