കായംകുളത്ത് വൻ ഗുണ്ടാ സംഘം അറസ്റ്റിൽ; പിടിയിലായത് ആക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ
text_fieldsകായംകുളത്ത് പിടിയിലായ ഗുണ്ടാ സംഘം
കായംകുളം: ആലപ്പുഴ - കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് ഗുണ്ടാ-ക്വട്ടേഷൻ പ്രവർത്തനം നടത്തുന്ന സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. എരുവ ഇല്ലത്ത് പുത്തൻ വീട്ടിൽ (ജിജീസ് വില്ല ) ആഷിഖ് (27) , എരുവ ചെറുകാവിൽ കിഴക്കതിൽ വിഠോബ ഫൈസൽ (27), ചേരാവള്ളി ഓണമ്പള്ളിൽ സമീർ (30), കരുനാഗപ്പള്ളി തൊടിയൂർ ഇടയിലെ വീട്ടിൽ ഹാഷിർ (32), നൂറനാട് പാലമേൽ കുറ്റിപറമ്പിൽ ഹാഷിം (32), ആലപ്പുഴ കോമളപുരം ബർണാഡ് ജംഗ്ഷൻ എട്ടു കണ്ടത്തിൽ വീട്ടിൽ മാട്ട കണ്ണൻ (30), മാവേലിക്കര തെക്കേക്കര പല്ലാരിമംഗലം ചാക്കൂർ വീട്ടിൽ ഉമേഷ് (30), ഓച്ചിറ മേമന ലക്ഷ്മി ഭവനം വീട്ടിൽ മനു (കുക്കു -28), കായംകുളം ഷഹീദാർ പള്ളിക്ക് സമീപം വരിക്കപ്പള്ളിൽ ഷാൻ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ, കായംകുളം, ഓച്ചിറ എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഇവർ പ്രതികളാണ്. കായംകുളം ഭാഗത്ത് ഗുണ്ടാ - ക്വട്ടേഷൻ ആക്രമണം നടത്തുന്നതിനായി പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ഇവർ പിടിയിലായത്. കാപ്പാ പ്രകാരം നാടുകടത്തിയ വിഠോബ ഫൈസലും, ആഷിഖും നിരോധനം ലംഘിച്ചാണ് ജില്ലയിൽ പ്രവേശിച്ചത്. ഇരുവർക്കുമെതിരെ കാപ്പാനിയമം ലംഘിച്ചതിനും കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
പൊലീസിെൻറ സമയോചിതമായ ഇടപെടൽ മൂലം ഇവർ ആസൂത്രണം ചെയ്ത പദ്ധതി പൊളിക്കാനായതായി ജില്ല പോലീസ് മേധാവി ജെ. ജയ്ദേവ് പറഞ്ഞു. ഗുണ്ടാ സംഘം ഒത്തു കൂടുന്നുണ്ടെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ. മുഹമ്മദ് ഷാഫി, എസ് ഐ മാരായ ഉദയകുമാർ, ശ്രീകുമാർ, വിനോദ്, പൊലീസ് ഉദ്യേഗസ്ഥരായ വിഷ്ണു, ദീപക്, ഷാജഹാൻ, ഫിറോസ്, സബീഷ് , രാജേന്ദ്രൻ, ബിജുരാജ്, പ്രദീപ്, സബീഷ്, റുക്സർ എന്നിവരടങ്ങിയ സംഘമാണ് വിവിധ ഭാഗങ്ങളിൽ നിന്നായി ഗുണ്ടകളെ പിടികൂടിയത്. ഓപ്പറേഷൻ കാവലുമായി ബന്ധപ്പെട്ട് ഗുണ്ടാ-ക്വട്ടേഷൻ ടീമുകൾക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

