കടയിൽ ഒളികാമറ; പ്രതി അറസ്റ്റിൽ
text_fieldsആസിഫ്
കുമ്പള: കായിക സാമഗ്രികൾ വാങ്ങാനെത്തിയ പെൺകുട്ടിയുടെ ദൃശ്യങ്ങൾ ഒളികാമറയിൽ പകർത്താൻ ശ്രമിച്ച കേസിൽ കടയിലെ ജീവനക്കാരനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ബന്തിയോട് സംസം മൻസിലിൽ മുഹമ്മദ് അഷ്റഫ് എന്ന ആസിഫിനെയാണ് (28) കുമ്പള എസ്.ഐ വി.കെ. അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞദിവസം ബന്തിയോട്ടെ കടയിലായിരുന്നു കേസിനാസ്പദമായ സംഭവം.
അമ്മാവനോടൊപ്പം കടയിൽ എത്തിയതായിരുന്നു പെൺകുട്ടി. വസ്ത്രം മാറുന്നതിനായി പ്രത്യേക സൗകര്യമില്ലാതിരുന്ന കടയിൽ ജീവനക്കാരൻ കാണിച്ചുകൊടുത്ത സ്റ്റോർ റൂമിലേക്കു പെൺകുട്ടി ജഴ്സി ഇട്ടുനോക്കാൻ ചെന്നപ്പോഴാണ് സമീപത്ത് കാമറ ഓൺ ചെയ്തുവെച്ച മൊബൈൽ ഫോൺ കണ്ടെത്തിയത്. പെൺകുട്ടി ഫോണുമായി മാതൃസഹോദരന്റെ അടുത്തെത്തി വിവരങ്ങൾ പറഞ്ഞു. തുടർന്നു കുമ്പള പൊലീസിൽ പരാതി നൽകുകയായിരുന്നു.

