അനധികൃത മദ്യവിൽപന; 'ഓടിച്ച് പിടിച്ചു'
text_fieldsബിജു കുമാർ
ആറ്റിങ്ങൽ: അനധികൃത മദ്യവിൽപന പിടികൂടാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരുമായി ഓട്ടോയിൽ കടക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. മടവൂർ ചാലിൽ പ്ലാവിള വീട്ടിൽ ഉണ്ണി എന്ന ബിജു കുമാർ ആണ് (49) പിടിയിലായത്. മഫ്തിയിൽ എത്തിയവർ എക്സൈസ് ഉദ്യോഗസ്ഥർ ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രതി ഓട്ടോറിക്ഷ വേഗത്തിൽ ഓടിച്ചു പോയത്.
ഒട്ടോയിൽ കയറിയ എക്സൈസ് ഉദ്യോഗസ്ഥരായ യശസ്സ്, മഹേഷ് എന്നീ ഉദ്യോഗസ്ഥരെയുംകൊണ്ട് പ്രതി കടന്നു. എട്ട് കിലോമീറ്റർ അപ്പുറം പാരിപ്പള്ളി മുക്കടക്കു സമീപം എക്സൈസ് വാഹനം കുറുക്കിട്ട് പിടിക്കുകയായിരുന്നു. ആറ് ലിറ്റർ വിദേശ മദ്യവും പിടികൂടി.
വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എസ്. ഹരികുമാറിന്റെ നിർദേശാനുസരണം പ്രിവന്റിവ് ഓഫിസർ രതീശൻ ചെട്ടിയാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഗ്രേഡ് പ്രിവന്റിവ് ഓഫിസർ റോബിൻ, സിവിൽ എക്സൈസ് ഓഫിസർ താരിഖ് എന്നിവരും ഉണ്ടായിരുന്നു.

