ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം; 12 പേർ കസ്റ്റഡിയിൽ
text_fieldsനീലേശ്വരം: നീലേശ്വരം കോട്ടപ്പുറം വാടകവീട്ടിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് സംശയം. കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണത്തിൽ പൊലീസ് സംശയം സ്ഥിരീകരിച്ചത്. ഇരുമ്പുവടികൊണ്ട് തലക്കേറ്റ അടിക്കുശേഷം ചോരവാർന്ന് അബോധാവസ്ഥയിലായതാണ് മരണത്തിന് കാരണമെന്നാണ് നീലേശ്വരം പൊലീസിന്റെ അന്വേഷണത്തിൽ പ്രാഥമികമായി തെളിഞ്ഞത്. ഇതേതുടർന്ന് വാടകവീട്ടിൽ കൂടെ താമസിച്ചിരുന്ന 12 തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്.
കോട്ടപ്പുറം മുസ്ലിം ലീഗ് ഓഫിസിന് സമീപത്തെ വാടകവീട്ടിലാണ് തമിഴ്നാട് മധുര ഉസാംഭട്ടിലെ മാധുരിയുടെ മകൻ രമേശിനെ (43) ശനിയാഴ്ച രാത്രി മരിച്ചനിലയിൽ കണ്ടെത്തിയത്. വായിൽനിന്നും ചെവിയിൽനിന്നും ചോരവാർന്ന നിലയിലായിരുന്നു മൃതദേഹം. കോട്ടപ്പുറം മാട്ടുമ്മൽ കടിഞ്ഞിമൂല പാലം നിർമാണത്തിനായി എത്തിയതായിരുന്നു തമിഴ്നാട് സ്വദേശി. മൂന്നു മലയാളികൾ ഉൾപ്പെടെ 12 പേർ വാടകവീട്ടിൽ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ, ഇൻസ്പെക്ടർ കെ.പി. ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലാണ് കൂടെ താമസിച്ച തൊഴിലാളികളെ ചോദ്യംചെയ്യുന്നത്.

