തട്ടിക്കൊണ്ടുപോയി മർദനം; മൂന്ന് പ്രതികൾ പിടിയിൽ
text_fieldsനിസാമുദ്ദീൻ, അസ് ലം
ചങ്ങരംകുളം: കോലളമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മയക്ക്മരുന്ന് നൽകി ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പേരെ ചങ്ങരംകുളം പൊലീസ് പിടികൂടി. കാളാച്ചാൽ സ്വദേശി പുല്ലൂര്‍ വളപ്പിൽ നിസാമുദ്ദീൻ (22), കോലളമ്പ് കോലത്ത് സ്വദേശി വാക്കുളങ്ങര അസ് ലം (22) എന്നിവരെയാണ് സി.ഐ ബഷീർ ചിറക്കൽ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത ഒരാളെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 11 പേരടക്കം 21 പേർക്കെതിരെയാണ് ചങ്ങരംകുളം പൊലീസ് കേസെടുത്തത്.
വിദേശത്ത് നിന്ന് അവധിക്ക് വന്ന കോലളമ്പ് സ്വദേശി ഫർഹൽ അസീസിനെയാണ് ഡിസംബർ 24ന് സുഹൃത്തുക്കളായ രണ്ട് പേർ ചേർന്ന് ബൈക്കിലെത്തി കൂട്ടിക്കൊണ്ടുപോയത്. സുഹൃത്തിന്റെ സഹോദരിയുമായുള്ള സൗഹൃദത്തെക്കുറിച്ച് അറിയാനാണെന്ന് പറഞ്ഞ് കൊണ്ടുപോയി ഒരു രാത്രിയും ഒരു പകലും കെട്ടിയിട്ട് ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. പ്രതികൾ സമാനമായ പല കേസുകളിലും പ്രതികളാണ്. പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

