യുവതികളെ ബൈക്കിൽ പിന്തുടർന്ന് ആക്രമിക്കുന്നയാൾ പിടിയിൽ
text_fieldsശ്രീജിത്ത്
നിലമ്പൂർ: സ്കൂട്ടറിൽ ഒറ്റക്ക് യാത്ര ചെയ്യുന്ന യുവതികളെ ബൈക്കിൽ പിന്തുടർന്ന് ആക്രമിക്കുന്നയാൾ പിടിയിൽ. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടൻ ശ്രീജിത്ത് എന്ന മണിക്കുട്ടനെയാണ് (32) വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ പി. അബ്ദുൽ ബഷീറിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 13ന് വൈകീട്ട് 7.30നാണ് കേസിനാസ്പദമായ സംഭവം. ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തകയെ ബൈക്കിൽ പിന്തുടർന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് തടഞ്ഞ് കയറിപ്പിടിക്കുകയായിരുന്നു. ബഹളംവെച്ചപ്പോൾ പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. സംഭവസമയം പ്രതി മാസ്ക്കും ഹെൽമറ്റും മഴക്കോട്ടും ധരിച്ചിരുന്നു.
സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രദേശത്തെ സി.സി.ടി.വികൾ കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. സൂചന ലഭിച്ചതോടെ ഒളിവിൽ പോയ പ്രതിയെ ഞായറാഴ്ച രാവിലെ കൊണ്ടോട്ടി ഒളവട്ടൂരിലുള്ള ജോലിസ്ഥലത്തു വെച്ചാണ് പിടികൂടിയത്.
കഴിഞ്ഞ മാർച്ചിൽ ചുങ്കത്തറയിൽ സമാന രീതിയിൽ രാത്രി എട്ടിന് ജോലി കഴിഞ്ഞു മടങ്ങുന്ന യുവതിയെ ആക്രമിച്ച കേസിനും ഇതോടെ തുമ്പായി. എസ്.ഐമാരായ എം. അസൈനാർ, തോമസ് കുട്ടി ജോസഫ്, സി.പി.ഒമാരായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, എസ്. പ്രശാന്ത് കുമാർ, എം.എസ്. അനീഷ് എന്നിവരാണ് തുടരന്വേഷണം നടത്തുന്നത്.

