പൊലീസ് ചമഞ്ഞ് കാർ തടഞ്ഞ് പാസ്പോർട്ടും ടിക്കറ്റും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsനൗഫൽ
എരുമപ്പെട്ടി: പ്രവാസിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ പൊലീസ് ചമഞ്ഞ് തടഞ്ഞ് പാസ്പോർട്ടും വിമാനടിക്കറ്റും ബലമായി തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിലായി. ചാലിശ്ശേരി പെരുമൺ സ്വദേശി ഒരുവിൻപുറത്ത് വീട്ടിൽ നൗഫലിനെയാണ് (39) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രവാസിയും മൂന്ന് സുഹൃത്തുക്കളും സഞ്ചരിക്കുകയായിരുന്ന കാർ പഴിയോട്ടുമുറിയിൽ വെച്ചാണ് മറ്റൊരു കാറിലെത്തിയ നൗഫലും സംഘവും വാഹനം കുറുകെയിട്ട് തടഞ്ഞത്. തുടർന്ന് പാസ്പോർട്ടും വിമാന ടിക്കറ്റും വാങ്ങി തൃശൂർ വെസ്റ്റ് പൊലീസിൽ ഹാജരാവാൻ ആവശ്യപ്പെട്ട് പാത്രമംഗലം റോഡ് വഴി പോവുകയായിരുന്നു. പ്രവാസി തൃശൂർ വെസ്റ്റ് പൊലീസിൽ ഹാജരായപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്.
തുടർന്ന് എരുമപ്പെട്ടി പൊലീസിൽ പരാതി നൽകി. നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നൗഫലും സംഘവും പാത്രമംഗലം റോഡിൽ നിന്നും മത്തായി പടി വഴി ആദൂർ ഭാഗത്തേക്കാണ് പോയതെന്ന് കണ്ടെത്തുകയും ഡിസംബർ 28ന് കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവ ശേഷം ഒളിവിൽ പോയ നൗഫൽ രണ്ട് തവണ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയെങ്കിലും കോടതി നിരസിച്ചു. തുടർന്നാണ് എരുമപ്പെട്ടി പൊലീസ് പ്രതിയെ പിടികൂടിയത്. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

