ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ
text_fieldsനിധിൻ വിജയൻ
തിരുവനന്തപുരം: ലഹരി ഗുളികകളുമായി യുവാവിനെ എക്സൈസ് പിടികൂടി. വൈ.എം.ആർ ജങ്ഷന് സമീപം അപ്പു എന്ന നിധിൻ വിജയനെയാണ് (22) അറസ്റ്റ് ചെയ്തത്.
ക്രിസ്മസ്, പുതുവത്സര സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രികാല പരിശോധന നടത്തവെയാണ് അറസ്റ്റ്. ഓട്ടോയിലാണ് നിധിൻ വിജയൻ നിട്രാസെപാം ഗുളികകളുമായി വന്നത്. ഇരപ്പുകുഴി ഭാഗത്ത് ഇത്തരത്തിൽ മയക്കുമരുന്ന് ഗുളികകൾ ഉപയോഗിച്ച് വരുന്നവരുടെ വിവരം എക്സൈസ് ഷാഡോ ടീം ശേഖരിച്ചുവരുകയാണ്.
പ്രിവന്റീവ് ഓഫിസർ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സുരേഷ് ബാബു, ആരോമൽ രാജൻ, അക്ഷയ് സുരേഷ്, പ്രബോധ്, വിപിൻ, രതീഷ് മോഹൻ, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
യുവാക്കൾ ഇത്തരത്തിലുള്ള ലഹരിമരുന്ന് ഗുളികകൾ അനധികൃതമായി ഉപയോഗിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്ക്വാഡ് ജില്ലയിൽ പരിശോധന ശക്തമാക്കി. ഷാഡോ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.

