ഇരുമ്പുവടി കൊണ്ട് രണ്ടുപേരെ ആക്രമിച്ച യുവാവ് പിടിയിൽ
text_fieldsപിടിയിലായ
പ്രവീൺ
കണ്ണൂർ: മദ്യലഹരിയിൽ ഇരുമ്പുവടി കൊണ്ട് അക്രമം. തലക്കടിയേറ്റ് രണ്ടുപേർക്ക് പരിക്ക്. സംഭവത്തിൽ യുവാവ് പിടിയിൽ.
തിങ്കളാഴ്ച രാത്രി 12ഓടെ ട്രെയിനിറങ്ങി റെയിൽവേ സ്റ്റേഷനിൽനിന്നും പഴയ ബസ് സ്റ്റാൻഡിലെത്തിയ ചെറുകുന്ന് സ്വദേശി ഉണ്ണികൃഷ്ണൻ (63), കാസർകോട് നെല്ലിക്കുന്ന് സ്വദേശി ഉമേശൻ (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തലക്കടിയേറ്റ് ഗുരുതര പരിക്കേറ്റ ഉണ്ണികൃഷ്ണനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മാതമംഗലം എരമം സ്വദേശി പ്രവീണിനെ (43) ടൗൺ പോലീസ് പിടികൂടി.
മോഷണം, പിടിച്ചുപറി, അടിപിടി തുടങ്ങി 13 കേസുകൾ ഇയാൾക്കെതിരെയുണ്ട്.
ഓണക്കാലത്ത് പൂവിൽപനക്കാർ പന്തലിനായി സൂക്ഷിച്ച ഇരുമ്പുകമ്പി കൊണ്ടാണ് പ്രതി അക്രമം നടത്തിയത്.

