ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ പിടിയിൽ
text_fieldsറെനി
ഓച്ചിറ: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവിനെ ഓച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തു. എഴുകോൺ ചൊവ്വല്ലൂർ പ്രേം വിലാസത്തിൽ റെനിയാണ് (30) പിടിയിലായത്. ഓച്ചിറ കൊറ്റമ്പള്ളി മുത്തേരിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം സമാനരീതിയിൽ ആലുവയിലുള്ള ക്ഷേത്രത്തിൽ മോഷണം നടത്തിയതിനെതുടർന്ന് ഇയാൾ ആലുവ പൊലീസിന്റെ പിടിയിലായി.
വിരലടയാളം പരിശോധിച്ചതിനെതുടർന്ന് മോഷ്ടാവിനെ ഓച്ചിറ പൊലീസ് തിരിച്ചറിയുകയായിരുന്നു. കേരളത്തിലുടനീളം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതിയാണ്. ട്രെയിനിൽ സഞ്ചരിച്ച് പാളത്തിന് സമീപമുള്ള ക്ഷേത്രങ്ങൾ മനസ്സിലാക്കി അടുത്ത സ്റ്റേഷനിൽ ഇറങ്ങിയശേഷം അവിടെയെത്തി മോഷണം നടത്തുകയാണ് ഇയാളുടെ രീതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

