കടയുടമയെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
മൂവാറ്റുപുഴ: പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയ കട ഉടമയെ ആക്രമിച്ച കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പെരുമറ്റം പള്ളിപ്പാട്ട് പുത്തൻപുരയിൽ ഷാമോൻ (33), ഇയാളുടെ സഹോദരനായ സുൽഫിക്കർ (29), ഈസ്റ്റ് മാറാടി മങ്കബറയിൽ ബാദുഷ (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കട ഉടമ കിഴക്കേക്കരക്കുടിയിൽ നിബിൻ കെ. ബഷീറിനെ (30) സംഘം ആക്രമിച്ചത്. മൂവാറ്റുപുഴ മാർക്കറ്റ് റോഡിൽ കോസ്റ്റൽ ഇന്ത്യ ഏജൻസി സ്ഥാപനത്തിെൻറ ഉടമയാണ് നിബിൻ. സ്ഥാപനത്തിലെ ജീവനക്കാരാണ് ബാദുഷയും ഷാമോനും. ഇവർ സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി നടത്തിയെന്ന് കാണിച്ച് നിബിൻ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിൽ പ്രകോപിതരായാണ് ഇവർ ആക്രമണം നടത്തിയത്. രാത്രി പത്തോടെ ഉറവക്കുഴിയിലാണ് സംഭവം. രാവിലെ റൂട്ടിൽ പോയ സെയിൽസ് വാഹനത്തിൽനിന്ന് 70,000 രൂപ കാണാതായിരുന്നു. ഒരു അന്തർസംസ്ഥാന തൊഴിലാളിയടക്കം മൂന്നുപേരാണ് സെയിൽസ് വാഹനത്തിൽ ഉണ്ടായിരുന്നത്. പണം കാണാതായതുസംബന്ധിച്ച് ഉടമ ഇവരെചോദ്യം ചെയ്തങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. ഇതേതുടർന്നാണ് നിബിൻ പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് കടയിൽതന്നെ ഇവർ തമ്മിൽ വഴക്കുണ്ടായി.
തുടർന്ന് ഉടമയെ ഭീഷണിപ്പെടുത്തപ്പോയ തൊഴിലാളികൾ രാത്രി സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. എന്നാൽ, സംഭവ ദിവസം കട ഉടമ മർദിെച്ചന്ന് കാണിച്ച് തൊഴിലാളികൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.

