മാതാവിന്റെ ഒത്താശയോടെ പീഡനം; മാതാവും യുവാവും അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: മാതാവിന്റെ ഒത്താശയിൽ വിദ്യാർഥിനികളായ രണ്ട് പെൺകുട്ടികളെ യുവാവ് പീഡിപ്പിച്ചു. കുട്ടികളുടെ മാതാവിനെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷനതിർത്തിയിലാണ് ഞെട്ടിപ്പിക്കുന്ന പീഡനസംഭവം. ചട്ടഞ്ചാൽ സ്വദേശി അബ്ദുല്ലത്തീഫും (43) പെൺകുട്ടികളുടെ മാതാവായ 40കാരിയുമാണ് അറസ്റ്റിലായത്. പെൺകുട്ടികളുടെ മാതാവിന്റെ കാമുകനാണ് അബ്ദുല്ലത്തീഫെന്ന് പൊലീസ് പറഞ്ഞു.
കുട്ടികളുടെ പിതാവ് നേരത്തേ മരിച്ചിരുന്നു. പ്രതിക്ക് ഭാര്യയുണ്ട്. ലൈംഗികാതിക്രമത്തെ പെൺകുട്ടികൾ ചെറുത്തെങ്കിലും മാതാവ് ബലമായി പെൺകുട്ടികളെ വീട്ടിലെ മുറിയിൽ കയറ്റി വാതിൽ പുറത്തുനിന്ന് പൂട്ടി യുവാവിന് പീഡനത്തിന് സൗകര്യം ഒരുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പീഡനവിവരം കുട്ടികൾ സ്കൂളിൽ അധ്യാപകരെ അറിയിക്കുകയായിരുന്നു. ബദിയഡുക്ക പൊലീസ് രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

