മോട്ടോർ പമ്പ് സെറ്റ് മോഷണക്കേസിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsമോട്ടോർ പമ്പ് സെറ്റ് മോഷണക്കേസിൽ അറസ്റ്റിലായവർ
വളാഞ്ചേരി: മോട്ടോർ പമ്പ് സെറ്റുകൾ മോഷ്ടിച്ച കേസിൽ മൂന്നുപേർ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. എടയൂർ അത്തിപ്പറ്റ സ്വദേശികളായ തലവണ്ണക്കാട്ടില് സജീഷ്, തെക്കഞ്ചേരി ജംഷാദ്, പുതുവീട്ടില്‍ ജാഫര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. എടയൂര്‍ അത്തിപ്പറ്റ കോളനിയിലെ മുപ്പതോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കിണറ്റിലെ മോട്ടോര്‍ പമ്പ് സെറ്റുകളാണ് മൂന്നംഗ സംഘം മോഷ്ടിച്ചത്. അത്തിപ്പറ്റ സ്വദേശിയായ നിസാറിന്റെ വീട്ടുകിണറ്റിലെ വെള്ളമാണ് സമീപവാസികളായ കുടുംബങ്ങള്‍ കുടിവെള്ളക്ഷാമത്തെ തുടര്‍ന്ന് ആശ്രയിച്ചിരുന്നത്.
ഈ കിണറ്റിലെ അഞ്ച് മോട്ടോര്‍ സെറ്റുകളാണ് ഇവര്‍ കടത്തിക്കൊണ്ടുപോയത്. കോളനിക്കാരുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലാകുന്നത്. അറസ്റ്റിലായവർ മറ്റുകേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഉണ്ണികൃഷ്ണന്, അസീസ്, എ.എസ്.ഐ ബിജു, സി.പി.ഒ ദീപു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

