യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ
text_fieldsമനു,ശരത്,വിഷ്ണു
കുമരകം: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. കുമരകം വാച്ചാപറമ്പിൽ വി.എം. മനു (29), കുമരകം അയ്യനാട്ടുശ്ശേരിൽ എ.കെ. ശരത് (32), കുമരകം കൃഷ്ണവിലാസം തോപ്പ് ഭാഗത്ത് പീടികപറമ്പിൽ പി.ജി. വിഷ്ണു (32) എന്നിവരെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 8.45ഓടെ കുമരകം ചക്രംപടി ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിനുള്ളിൽവെച്ച് കുമരകം സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ബാറിനുള്ളിൽവെച്ച് സുഹൃത്തിനെ ഇവർ കയ്യേറ്റം ചെയ്തത് യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം ഇവർ സംഘം ചേർന്ന് യുവാവിനെ മർദിക്കുകയും, മേശപ്പുറത്തിരുന്ന ഗ്ലാസ് കൊണ്ട് തലയിൽ അടിക്കുകയുമായിരുന്നു. കുമരകം എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐമാരായ സൈജു. കെ, പ്രദീപ്കുമാർ, എ.എസ്.ഐ റോയ്, സി.പി.ഒമാരായ ഷൈജു, അരുൺ പ്രകാശ്, സിബിമോൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശരത്തിനും വിഷ്ണുവിനുമെതിരെ കുമരകം സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

