യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsസ്റ്റെഫിൻ, കൃഷ്ണദാസ്, അഭയ്
തലയോലപ്പറമ്പ്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. തലയോലപ്പറമ്പ് ആശുപത്രി കവല ഭാഗത്ത് അമ്പലത്തിൽ വീട്ടിൽ സ്റ്റെഫിൻ (19), വടയാർ മാർസ്ലീബ സ്കൂൾ ഭാഗത്ത് കോല്ലാറയിൽ വീട്ടിൽ കൃഷ്ണദാസ് (19), ചെമ്പ് ബ്രഹ്മമംഗലം പ്ലാപ്പള്ളിൽ വീട്ടിൽ അഭയ് പ്രസാദ് (19) എന്നിവരെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
മറവൻതുരുത്ത് സ്വദേശിയായ യുവാവിനെയാണ് ഇവർ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഘം ചേർന്ന് മറവൻതുരുത്ത് അപ്പക്കോട് ഭാഗത്ത് യുവാവിനെ മർദിക്കുകയും കമ്പിവടികൊണ്ട് ആക്രമിക്കുകയുമായിരുന്നു. കഴിഞ്ഞദിവസം മറവൻതുരുത്ത് സ്വദേശിയായ യുവാവിന്റെ ബന്ധുവിന്റെ ബൈക്ക് പ്രതികളുടെ കൂട്ടുകാരന്റെ ബൈക്കുമായി ഇടിച്ച് അപകടം ഉണ്ടായിരുന്നു. ഇതിനെച്ചൊല്ലി വാക്തർക്കം ഉണ്ടായിരുന്നു. ഇതിൽ മറവൻതുരുത്ത് സ്വദേശിയായ യുവാവ് പൊലീസിൽ പരാതി കൊടുത്തതിലെ വിരോധം മൂലമാണ് സംഘം ചേർന്ന് യുവാവിനെ ആക്രമിച്ചത്.

