വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശനം: യുവാവ് അറസ്റ്റിൽ
text_fieldsപ്രതീഷ്
പറവൂർ: സ്കൂൾ വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ വെമ്പല്ലൂർ കൈതക്കാട്ട് വീട്ടിൽ പ്രതീഷിനെയാണ് (42) വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ വിദ്യാർഥിനി സ്കൂളിൽനിന്ന് വീട്ടിലേക്ക് തനിയെ പോകുന്നത് കണ്ട് പ്രതി കാറിൽ പുറകെ ചെന്നു.
വഴി ചോദിക്കാൻ എന്ന വ്യാജേന വിദ്യാർഥിനിയുടെ അടുത്ത് കാർ നിർത്തി അടുത്തേക്ക് വിളിച്ച് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ഭയന്ന കുട്ടി നിലവിളിച്ച് വീട്ടിലേക്ക് ഓടിപ്പോയി. പ്രതി സഞ്ചരിച്ച കാറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പിടിയിലായത്. പ്രവാസിയായിരുന്ന ഇയാൾ ഇപ്പോൾ നാട്ടിൽ സ്ഥിര താമസമാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

