കഞ്ചാവുമായി ഒഡിഷ സ്വദേശികൾ അറസ്റ്റിൽ
text_fields1. ജയന്ത് നായക്, 2. രാജേന്ദ്ര ലിമ
പാലക്കാട്: ആർ.പി.എഫ് ക്രൈം ഇന്റലിജിൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡും ചേർന്ന് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 9.6 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിൽ. ഒഡിഷ മുനിഗുഡ സ്വദേശികളായ ജയന്ത് നായക് (19), രാജേന്ദ്ര ലിമ (19) എന്നിവരാണ് അറസ്റ്റിലായത്. ഒഡിഷയിലെ രായഗഡയിൽനിന്ന് കഞ്ചാവ് ട്രെയിൻ മാർഗം പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് ആലുവയിലേക്ക് പോകാൻ ശ്രമിക്കവേയാണ് പ്രതികൾ പിടിയിലായത്. ഇരുവരും അതിഥി തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണെന്ന് ആർ.പി.എഫ് അധികൃതർ പറഞ്ഞു. മുമ്പും ഇത്തരത്തിൽ കഞ്ചാവ് എത്തിച്ചിരുന്നതായി ഇരുവരും മൊഴി നൽകിയിട്ടുണ്ട്. ആർ.പി.എഫ് സി.ഐ എൻ. കേശവദാസ്, എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ. കെ.ആർ. അജിത്ത്, ആർ.പി.എഫ് എസ്.ഐ എ.പി. അജിത് അശോക്, എ.എസ്.ഐമാരായ കെ. സജു, എസ്.എം. രവി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

