പനമണ്ണ വിനോദ് വധം: പതിനൊന്നാം പ്രതി കീഴടങ്ങി
text_fieldsമുഹമ്മദ് റഫീഖ്
ഒറ്റപ്പാലം: പനമണ്ണയിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തി ഒളിവിൽ പോയവരിൽ പതിനൊന്നാം പ്രതി കൂടി പൊലീസിൽ കീഴടങ്ങി. പനമണ്ണ മേലേതിൽ വീട്ടിൽ മുഹമ്മദ് റഫീഖ് (30) ആണ് ഒറ്റപ്പാലം പൊലീസിൽ കീഴടങ്ങിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 2020 മെയ് 31 നായിരുന്നു കേസിനാസ്പദമായ സംഭവം.
പനമണ്ണ ചക്യാവിൽ പരേതനായ ഉണ്ണികൃഷ്ണന്റെ മകൻ വിനോദിനെയും സഹോദരൻ രാമചന്ദ്രനെയും ഒരു സംഘം വെട്ടിപരിക്കേൽപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വിനോദ് (32) മരിച്ചു.
11 പ്രതികളുള്ള കേസിൽ വിധി പറഞ്ഞ സമയത്ത് ഏഴ് പേർ ഒളിവിലായിരുന്നു. നാല് പേർക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ഇവർക്ക് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നും രണ്ടും നാലും ആറും പ്രതികളാണിവർ. ഒളിവിലായിരുന്ന ഏഴ് പേരിൽ മൂന്ന് പ്രതികൾ പിന്നീട് പിടിയിലായി. മുഹമ്മദ് റഫീക്ക് കൂടി കീഴടങ്ങിയതോടെ ഇനി മൂന്ന് പ്രതികളെ കൂടി കണ്ടെത്തേണ്ടതുണ്ട്. ഒറ്റപ്പാലം സി.ഐ എം. സുജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മുഹമ്മദ് റഫീഖിനെ അറസ്റ്റ് ചെയ്തത്.

