പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം; പോക്സോ കേസിൽ ഡോക്ടർ അറസ്റ്റിൽ
text_fieldsഡോ. അലൻ അലക്സ്
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയക്കുകയും കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ സ്വദേശിയായ ഡോ. അലൻ അലക്സ് (32) ആണ് അറസ്റ്റിലായത്. സമൂഹ മാധ്യമം വഴിയാണ് ഇയാൾ കുട്ടിയെ പരിചയപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
ഡോക്ടർ കുട്ടിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടർന്നു ബന്ധുക്കൾ ആസൂത്രണം ചെയ്തതു പ്രകാരം ഡോക്ടറോടു കോഴിക്കോട് ബീച്ചിലെത്താൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ നിന്നു അലൻ കാറെടുത്ത് ബീച്ച് റോഡിലെത്തുകയും പിന്നാലെ കുട്ടിയെ ബന്ധപ്പെട്ടപ്പോൾ കടപ്പുറത്തേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു.
ഡോക്ടർ എത്തിയതിനു പിന്നാലെ കുട്ടിക്കൊപ്പം ഇവിടെ കാത്തു നിന്ന ബന്ധുക്കൾ ഇയാളെ തടഞ്ഞു വെക്കുകയും വെള്ളയിൽ പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇയാൾ പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തിയതോടെ പൊലീസ് പോക്സോ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

