16 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; യുവാവിന് 87 വര്‍ഷം കഠിന തടവും പിഴയും
text_fieldsഉനൈസ്
മഞ്ചേരി: 16 വയസ്സുകാരിയെ പലതവണ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത യുവാവിന് വിവിധ വകുപ്പുകളിലായി 87 വര്‍ഷം കഠിന തടവും 4.60 ലക്ഷം രൂപ പിഴയും വിധിച്ചു. മഞ്ചേരി പുല്ലഞ്ചേരി കൂളിയോടന്‍ ഉനൈസിനെയാണ് (30) മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. പോക്‌സോ ആക്ട് പ്രകാരവും ബലാത്സംഗം ചെയ്തതിനും 40 വര്‍ഷം വീതം കഠിന തടവ്, രണ്ടുലക്ഷം രൂപ വീതം പിഴ എന്നതാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം ഇരുവകുപ്പുകളിലും മൂന്നുമാസം വീതം അധിക തടവ് അനുഭവിക്കണം. ഇതിനു പുറമെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് അഞ്ച് വര്‍ഷം കഠിന തടവ് അര ലക്ഷം രൂപ പിഴ, കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് രണ്ട് വര്‍ഷം കഠിന തടവ് 10,000 രൂപ പിഴ എന്നിങ്ങനെയും ശിക്ഷയുണ്ട്.
പിഴയടച്ചില്ലെങ്കിൽ ഇരു വകുപ്പുകളിലും ഓരോ മാസത്തെ അധിക തടവ് അനുഭവിക്കണം. പ്രതി പിഴയടക്കുകയാണെങ്കില്‍ തുക അതിജീവിതക്ക് നല്‍കാനും കോടതി വിധിച്ചു. സര്‍ക്കാറിന്‍റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍നിന്ന് അതിജീവിതക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. 2020 മേയ് മുതല്‍ 2022 ഡിസംബര്‍ വരെയായിരുന്നു സംഭവം. പുറത്ത് പറഞ്ഞാല്‍ അതിജീവിതയുടെ നഗ്ന ഫോട്ടോകള്‍ ഇന്‍റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

