പോക്സോ കേസ് പ്രതിക്ക് കഠിന തടവ്
text_fieldsഅടിമാലി:15കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ 70കാരന് നാല് വർഷവും മൂന്ന് മാസവും കഠിന തടവും 75500 രൂപ പിഴയും ശിക്ഷ. രാജാക്കാട് മമ്മട്ടിക്കാനം കള്ളിമാലി തൈപ്പറമ്പിൽ കുമാരനെയാണ് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് പോക്സോ ജഡ്ജ് എം.ഐ. ജോൺസൺ ശിക്ഷിച്ചത്. 2023ലാണ് കേസിന് ആസ്പദമായ സംഭവം. പിഴസംഖ്യ പ്രതി അടക്കാതിരുന്നാൽ ഏഴ് മാസം അധിക തടവും അനുഭവിക്കണം. പിഴസംഖ്യ പ്രതി അടക്കുകയാണെങ്കിൽ തുക പെൺകുട്ടിക്ക് നൽകാനും കൂടാതെ ഇടുക്കി ഡിസ്ട്രിക്ട് ലീഗൽ സർവിസസ് അതോറിറ്റിയുടെ വിക്ടിം കോമ്പൻസേഷൻ സ്കീമിൽ നിന്ന് നഷ്ടപരിഹാരം അനുവദിക്കാനും കോടതി ഉത്തരവായി. വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി മൂന്നുവർഷം തടവ് അനുഭവിച്ചാൽ മതിയാകും.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിജു കെ. ദാസ് കോടതിയിൽ ഹാജരായി.

