വിവാഹാഭ്യർഥന നിരസിച്ചതിന് യുവാവിനെ ആക്രമിക്കാൻ യുവതിയുടെ ക്വട്ടേഷൻ: സംഘാംഗങ്ങൾ പിടിയിൽ
text_fieldsഅരുൺ, മുകേഷ്
കൊല്ലം: യുവതിയുടെ ക്വേട്ടഷനേറ്റെടുത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഘത്തിലെ അംഗങ്ങൾ പിടിയിലായി. സൗഹൃദത്തിലായിരുന്ന യുവാവിനോട് യുവതി നടത്തിയ വിവാഹഭ്യർഥന നിരസിച്ചതിെൻറ വിരോധത്തിലാണ് ക്വട്ടേഷൻ നൽകിയത്.
വർക്കല ഇടവ സ്വദേശികളായ സരസ്വതി മന്ദിരത്തിൽ അരുൺ (27), കുന്നത്തുവിള വീട്ടിൽ മുകേഷ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് മാസമായി വർക്കലയിലും പരിസരപ്രദേശത്തുമായി ഒളിവിൽ കഴിഞ്ഞുവന്ന ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. ക്വട്ടേഷൻ നൽകിയ ലിൻസി ലോറൻസും (30), മറ്റ് നാല് പ്രതികളും നേരത്തേ പിടിയിലായിരുന്നു.
സിറ്റി പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിെൻറ നേതൃത്വത്തിൽ ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ, എസ്.ഐമാരായ ഷീന, സി.പി.ഒ മധു, സുനിൽ, അശ്വതി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.

