ബൈക്ക് തിരിച്ച് നൽകാൻ വൈകി; ബന്ധുവിനെ ഉടമ കുത്തിപ്പരിക്കേൽപിച്ചു
text_fieldsഹരിപ്പാട്: ബൈക്ക് തിരിച്ച് നൽകാൻ വൈകിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ബന്ധുവിനെ ബൈക്കുടമ കുത്തിപ്പരിക്കേൽപിച്ചു. ഹരിപ്പാട് വെട്ടുവേനി കന്നാംപറമ്പിൽ സുനിൽകുമാറിനാണ് (52) വയറിൽ ആഴത്തിൽ കുത്തേറ്റത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവും അയൽവാസിയുമായ കന്നാംപറമ്പിൽ ശ്രീകുമാറിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ദിവസം രാവിലെ ശ്രീകുമാറിന്‍റെ ബൈക്ക് സുനിൽകുമാർ കൊണ്ടുപോയിരുന്നു. ഇത് തിരികെ നൽകാൻ താമസിച്ചതിനെ തുടർന്നുണ്ടായ വാക്തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ആദ്യം ഇവർ തമ്മിൽ ഉന്തുംതള്ളും ഉണ്ടാവുകയും പിന്നീട് വീട്ടിലേക്ക് പോയ ശ്രീകുമാർ കത്തിയുമായി സുനിൽകുമാറിന്‍റെ വീട്ടിലെത്തി കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് ഒളിവിൽ പോയ ശ്രീകുമാറിനെ രണ്ട് മണിക്കൂറിനുശേഷം പൊലീസ് പിടികൂടി.
കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നിർദ്ദേശപ്രകാരം ഹരിപ്പാട് സി.ഐ സംജിത്ത് ഖാൻ, എസ്.ഐമാരായ എച്ച്. ഗിരീഷ്, ഹുസൈൻ, എ.എസ്.ഐമാരായ സന്തോഷ് കുമാർ, യേശുദാസ്, സി.പി.ഒ എ. നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

