മോഷണക്കേസിൽ ജയിലിൽനിന്ന് ഇറങ്ങി വീണ്ടും മോഷണം: രണ്ട് പ്രതികൾ അറസ്റ്റിൽ
text_fieldsറഫീഖ്,ഷാഫി
തിരൂർ: മോഷണക്കേസിൽ ജയിലിൽനിന്ന് ഇറങ്ങി വീണ്ടും മോഷണം നടത്തിയ സംഭവത്തിൽ രണ്ട് യുവാക്കളെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ കരിങ്കല്ലത്താണി മുക്കത്തിൽ വീട്ടിൽ റഫീഖ് (34), മംഗലം ചേന്നര ചിറമ്മൽ പറമ്പിൽ മുഹമ്മദ് ഷാഫി (36) എന്നിവരെയാണ് തിരൂർ എസ്.ഐ ജലീൽ കറുത്തേടത്തും സംഘവും അറസ്റ്റ് ചെയ്തത്. തിരൂരിലും പരിസരപ്രദേശങ്ങളിലും നിരവധി മോഷണം പ്രതികൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രധാനമായും തിരൂരിലും പരിസരപ്രദേശങ്ങളിലും ബസിൽ കയറിയാണ് പ്രതികൾ മോഷണം നടത്തിയിരുന്നത്. രണ്ടുമാസം മുമ്പ് കോഴിക്കോട്ട് മോഷണക്കേസിൽ അറസ്റ്റിലായി നല്ലളം ജയിലിലായിരുന്ന പ്രതികൾ രണ്ടാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്.
കഴിഞ്ഞ ദിവസം ബസിൽ യാത്ര ചെയ്യവേ രാമനാട്ടുകാരയിൽനിന്ന് മധ്യവയസ്കെൻറ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതികൾ ബുധനാഴ്ച തിരൂർ ഗൾഫ് മാർക്കറ്റിൽ വിൽക്കാനായി വന്നപ്പോഴാണ് തിരൂർ പൊലീസിെൻറ പിടിയിലായത്.
തിരൂർ ബസ് സ്റ്റാൻഡ് പരിസരത്ത് മദ്യപിച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് പൊലീസ് കസ്റ്റിഡിയിൽ എടുക്കുകയും തുടർന്ന് പ്രതികളിലൊരാളുടെ കൈവശമുണ്ടയിരുന്ന മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിൽ രാമനാട്ടുകര സ്വദേശിയുടെ മൊബൈൽ ആണെന്ന് വ്യക്തമാവുകയായിരുന്നു.
പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐയെ കൂടാതെ ദിൽജിത്ത്, ഉണ്ണിക്കുട്ടൻ, സുജിത്ത്, സെറിൻ ജോർജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ പേരിൽ പല സ്റ്റേഷനുകളിലും സമാന കേസ് നിലവിലുണ്ട്.

