പൊലീസിെൻറ മൂക്കിന് തുമ്പത്തും കവർച്ച
text_fieldsജില്ല പൊലീസ് ആസ്ഥാനത്തിന് മുന്നിലെ കടയിൽ കവർച്ച നടത്തുന്നതിെൻറ സി.സി.ടി.വി ദൃശ്യം
ആലുവ: റൂറൽ ജില്ല പൊലീസിനെ നാണംകെടുത്തി തസ്കരൻ. ജില്ല പൊലീസ് ആസ്ഥാനത്തിന് മുന്നിലെ കടയിലാണ് കവർച്ച നടത്തിയത്. റെഡിമെയ്ഡ് കടയുടെ ചില്ല് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് പ്രിന്‍ററടക്കം രണ്ട് ലക്ഷം രൂപയുടെ സാധനങ്ങളാണ് കവർന്നത്. ശനിയാഴ്ച അർധരാത്രി 12.30യോടെയാണ് മോഷണം നടന്നത്. കൊടികുത്തുമല എടപ്പാടത്ത് ജെസി എന്നയാളുടെതാണ് സ്ഥാപനം. പ്രതിയുടെ ദൃശ്യങ്ങൾ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഇവിടെ നിന്ന് പ്രിന്റർ, സ്‌കാനർ, തുണിത്തരങ്ങൾ എന്നിവയാണ് നഷ്ടപ്പെട്ടത്. കല്ല് ഉപയോഗിച്ച് ചില്ല് തകർക്കുന്നതിനിടയിൽ മോഷ്ടാവിന് പരിക്കേറ്റിട്ടുണ്ട്. നിലത്ത് രക്തതുള്ളികൾ വീണിട്ടുണ്ട്. മലയാളിയല്ലെന്നാണ് സൂചന. രണ്ട് വർഷം മുമ്പ് ഇവിടെ ജോസ് എന്നയാളുടെ പെട്ടിക്കടയിലും മോഷണം നടന്നിരുന്നു. ആ മോഷ്ടാവിനെ പിന്നീട് പൊലീസ് പിടികൂടിയിരുന്നു.

