യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ
text_fieldsഡിവൈ.എസ്.പി ബി. രാമചന്ദ്രപ്പ
ബംഗളൂരു: കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുടെ നാട്ടിൽ പരാതിയുമായി ചെന്ന യുവതിയെ ഡിവൈ.എസ്.പി ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
വെള്ളിയാഴ്ച പട്ടാപ്പകൽ നടന്ന സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആരോപണ വിധേയനായ ഡിവൈ.എസ്.പി ബി. രാമചന്ദ്രപ്പയെ ശനിയാഴ്ച ഡി.ജി.പി സസ്പെൻഡ് ചെയ്തു. തുമകൂരു മധുഗിരി പൊലീസ് സബ്ഡിവിഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഡിവൈ.എസ്.പിയുടെ ഓഫിസ് വാഷ് റൂമിൽ യൂനിഫോമിൽ അതിക്രമം പ്രവർത്തിച്ചത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട പരാതിയുമായാണ് മധുഗിരി ടൗണിൽനിന്നുള്ള യുവതി ഡി.വൈ.എസ്.പിയെ സമീപിച്ചത്.
യുവതിക്കൊപ്പമുണ്ടായിരുന്ന ബന്ധുവാണ് അതിക്രമം രഹസ്യമായി പകർത്തി പ്രചരിപ്പിച്ചതെന്നാണ് സംശയം. 35 സെക്കൻഡ് ദൈർഘ്യമുള്ളതാണ് ദൃശ്യങ്ങൾ. യുവതി തന്റെ പരാതിയുമായി ബന്ധപ്പെട്ട് സന്ദർശിക്കുമ്പോഴെല്ലാം ഡി.വൈ.എസ്.പി ഉപദ്രവിക്കാറുണ്ടെന്ന് പറയുന്നു.
ചൂഷണം സഹിക്കാൻ വയ്യാതെ ബന്ധു വിഡിയോ ചിത്രീകരിക്കുകയായിരുന്നു. എന്നാൽ, യുവതി പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയിരുന്നില്ല. സ്വമേധയാ പരാതി നൽകാതിരുന്ന ഇരയിൽ നിന്ന് പൊലീസ് പരാതി എഴുതി വാങ്ങി കേസെടുക്കുകയിരുന്നു. അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയ ഡിവൈ.എസ്.പിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

