വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം; കേസിൽ കുറ്റപത്രം സമർപ്പിച്ചു
text_fieldsബംഗളൂരു: ബൈക്കിൽ കൊണ്ടുപോയി വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്കെതിരെ ബംഗളൂരു 39ാം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ബംഗളൂരു ആടുഗോഡി എസ്.ആർ. നഗർ സ്വദേശി മുകേശ്വരന്റെ (24) പേരിലാണ് 555 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. 86 സാക്ഷികളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. ഇതിൽ നാലുപേർ മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നൽകി. സംഭവം നടന്ന് 40 ദിവസത്തിൽ അന്വേഷണം പൂർത്തിയാക്കാനായെന്ന് ബംഗളൂരു എച്ച്.എസ്.ആർ ലേ ഔട്ട് പൊലീസ് അറിയിച്ചു.
ആഗസ്റ്റ് 19ന് പുലർച്ചെയാണ് ബംഗളൂരു കോളജിലെ അവസാനവർഷ ബിരുദ വിദ്യാർഥിനിയായ 21കാരി ലൈംഗികാതിക്രമത്തിനിരയായത്. കോറമംഗലയിൽ ഒരു പാർട്ടി കഴിഞ്ഞ് ആനേക്കൽ ചന്ദാപുരയിലെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. യുവതി സുഹൃത്തിനൊപ്പം വന്ന കാർ ഓട്ടോറിക്ഷയിൽ തട്ടി അപകടമുണ്ടായി. ചുറ്റും കൂടിയ റിക്ഷ ഡ്രൈവർമാരോട് സുഹൃത്ത് സംസാരിച്ചുനിൽക്കെ, യുവതി കാറിൽനിന്നിറങ്ങി മുന്നോട്ടുനടന്നു. ഈ സമയം പ്രതി ബൈക്കിൽ ലിഫ്റ്റ് നൽകി കൂട്ടിക്കൊണ്ടുപോകുകയും ഗോഡൗണിനടുത്തെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കുകയുമായിരുന്നെന്നാണ് കേസ്. അടുത്ത ദിവസം പ്രതിയെ പൊലീസ് പിടികൂടി.

