കള്ളക്കടത്ത്: അഞ്ചുപേര്‍ അറസ്റ്റില്‍, പിടിയിലായത് കടത്തുകാരനും കവർച്ച ചെയ്യാനെത്തിയവരും
text_fields1. കിരണ്‍ 2. മുഹമ്മദ് അനീസ് 3. കെ.വി. റിയാസ് 4. കെ. പ്രസാദ് 5. എം.വി. ഗരീഷ്
കൊണ്ടോട്ടി: കസ്റ്റംസിനെ വെട്ടിച്ച് സ്വർണാഭരണവും ഐഫോണുകളും കടത്തിയ യുവാവിനെയും ഇയാളില്‍നിന്ന് സ്വർണം കവര്‍ച്ച ചെയ്യാനെത്തിയ സംഘത്തെയും കരിപ്പൂര്‍ വിമാനത്താവള പരിസത്തുനിന്ന് പൊലീസ് സംഘം പിടികൂടി. ഷാർജയില്‍നിന്നെത്തിയ കണ്ണൂര്‍ തളിപ്പറമ്പ് നടുവില്‍ സ്വദേശി മുഹമ്മദ് അനീസാണ് (19) നിയമവിരുദ്ധമായി 54 ഗ്രാം സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്. ഇയാളില്‍നിന്ന് സ്വർണം കവരാന്‍ വിമാനത്താവള പരിസരത്തെത്തിയ കണ്ണൂര്‍ ധർമടം സ്വദേശി കെ.വി. റിയാസ് (26), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി എം.വി. ഗരീഷ് (31), തലശ്ശേരി കതിരൂര്‍ സ്വദേശി കെ. പ്രസാദ് (43), തലശ്ശേരി സ്വദേശി കിരണ്‍ എന്നിവരാണ് അറസ്റ്റിലായത്.
അനീസിനെ തട്ടിക്കൊണ്ടുപോകാന്‍ നാലംഗ സംഘം എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവരെ നിരീക്ഷിക്കുന്നതിനിടെ പുറത്തിറങ്ങിയ അനീസിനെയും നാലംഗ സംഘത്തെയും പൊലീസ് പിടികൂടുകയായിരുന്നു. അനീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കവര്‍ച്ച സംഘം വിമാനത്താവള പരിസരത്തെത്തിയതെന്നും സൂചനയുണ്ട്. അഞ്ചുപേരെയും മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സ്വർണവും ഫോണുകളും കടത്താന്‍ യാത്രികനെ ഉപയോഗിച്ചവര്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

