സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച പ്രതി പിടിയിൽ
text_fieldsശ്രീദേവ്
ചിങ്ങവനം: സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കുഴിമറ്റം നെല്ലിക്കൽ വീട്ടിൽ ശ്രീദേവിനെ (പ്രണവ് - 24) യാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. മൂഴിപ്പാറ പ്രൈവറ്റ് ബസിലെ ഡ്രൈവറായ ബിബിനെയാണ് ഇയാളും ബന്ധുവും ചേർന്ന് ആക്രമിച്ചത്. ശ്രീദേവിന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള ബസിലെ ഡ്രൈവറെ ബിബിന്റെ സുഹൃത്തുക്കൾ ചേർന്ന് മുമ്പ് മർദിച്ചിരുന്നു. ഇതിലെ വൈരാഗ്യം നിലനിൽക്കുകയും തുടർന്ന് ശ്രീദേവും ബന്ധുവും ചേർന്ന് രേവതിപ്പടി ഭാഗത്ത് മറ്റൊരു വാഹനത്തിലെത്തി ബിബിന് ഓടിച്ചിരുന്ന ബസിൽ ഇടിപ്പിച്ചു. തുടർന്ന് ബസിന് കേടുപാട് പറ്റി ട്രിപ് മുടങ്ങി. ബസ് സദനം എൻ.എസ്.എസ് സ്കൂളിനുസമീപം നിർത്തിയിട്ട സമയത്താണ് ശ്രീദേവും ബന്ധുവും സ്കൂട്ടറിൽ എത്തി ബിബിനെ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ചത്. സംഭവശേഷം പ്രതികൾ ഒളിവിൽ പോയി. ശ്രീദേവിനെ മണിപ്പുഴയിൽനിന്നാണ് അന്വേഷണസംഘം പിടികൂടിയത്.
ചിങ്ങവനം എസ്.എച്ച്.ഒ ജിജു ടി.ആർ, എസ്.ഐ അനീഷ് കുമാർ.എം, ജസ്റ്റിന് ജോയ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

