ബൈക്കുകള്‍ കൂട്ടിയിടിച്ചു; പരിശോധനക്കിടെ ഹെൽമറ്റിൽ കഞ്ചാവ്
text_fieldsrepresentational image
തൊടുപുഴ: ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ ഹെല്‍മറ്റില്‍നിന്ന് കഞ്ചാവ് കണ്ടെത്തി.
കഞ്ചാവ് കച്ചവടക്കാരനെന്ന് സംശയിക്കുന്ന പ്രതി ഓടി രക്ഷപ്പെട്ടു.
വ്യാഴാഴ്ച രാത്രിയാണ് കുന്നം കാരൂപ്പാറയില്‍ രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ ഒരു യുവാവിന് പരിക്കേറ്റു. ഇയാളെ നാട്ടുകാര്‍ ആശുപത്രിയിലേക്കു മാറ്റി. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.
ഇതോടെ ഒരു ബൈക്കിലെത്തിയ യുവാവ് വാഹനവും ഹെല്‍മറ്റും ഉപേക്ഷിച്ച് കൈവശമുണ്ടായിരുന്ന പൊതിയുമായി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ബൈക്കും ഹെല്‍മറ്റും പരിശോധിച്ചത്. ഹെല്‍മറ്റില്‍നിന്ന് 5.5 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ബൈക്കിന്റെ നമ്പര്‍ ഉപയോഗിച്ച് രജിസ്ട്രേര്‍ഡ് ഉടമയെ കണ്ടെത്തിയെങ്കിലും ഇയാള്‍ ഒരു വര്‍ഷം മുമ്പ് വാഹനം വിറ്റതാണെന്ന് വ്യക്തമായി.
ഇയാളുടെ കൈവശമുണ്ടായിരുന്ന പൊതിയില്‍ ലഹരിമരുന്നാകാമെന്നും ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

