യുവാവിനെ വെട്ടിയയാൾ അറസ്റ്റിൽ
text_fieldsകയ്പമംഗലം: പകൽ റോഡിൽവെച്ച് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലം അരീക്കള സ്വദേശി പുത്തൻവിള വീട്ടിൽ സെയ്താലി (24) യെയാണ് കയ്പമംഗലം എസ്.ഐ കെ.എസ്. സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് കാക്കാത്തിരുത്തി പള്ളി വളവ് സ്വദേശി ആനക്കോട്ട് വീട്ടിൽ അബ്ദുല്ലയെ ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചത്. ബാറിൽവെച്ച് സെയ്താലിയും അബ്ദുല്ലയും പരിചയപ്പെട്ടിരുന്നു. തുടർന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ശേഷം സെയ്താലിയുടെ കാറിൽ കയറി പോരുകയും ചെയ്തു. കാറിൽ ഇരുവരും തർക്കമുണ്ടായി. തുടർന്ന് സെയ്താലി കത്തിയെടുത്ത് അബ്ദുല്ലയുടെ കഴുത്തിനും വയറിനും കൈക്കും വെട്ടുകയായിരുന്നു.
തുടർന്ന് അബ്ദുല്ലയെ റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതി ചെന്ത്രാപ്പിന്നി കൂട്ടാലപ്പറമ്പിലുള്ള ഭാര്യവീട്ടിൽ എത്തിയതറിഞ്ഞ് പൊലീസെത്തി അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തുനിന്ന് കത്തി പോലീസ് കണ്ടെടുത്തു. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.

